ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മദ്രാസ് സംസ്ഥാനത്തില്‍പ്പെട്ട തെക്കന്‍ കര്‍ണ്ണാടക ജില്ലയുടെ തെക്കുഭാഗത്തെ താലൂക്കായ വെള്ളരിക്കുണ്ട് കിഴക്കന്‍ ഗ്രാമമായ എളേരിയാണ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. പുരാതനകാലം തൊട്ടേ സംസ്ക്കാര സമ്പന്നമായ ഒരു സമൂഹം ഈ പഞ്ചായത്തില്‍ അധിവസിച്ചിരുന്നു. പാറയില്‍ കൊത്തിയുണ്ടാക്കിയ ശിലാഗുഹകള്‍, പറമ്പ ശ്രീരാമക്ഷേത്രാവശിഷ്ടം, കമ്മാടം ക്ഷേത്രം, ഭീമനടി പൂക്കാട് കാവിന്റെ ക്ഷേത്രാവശിഷ്ടം, അട്ടക്കാട് കുളങ്ങര ഭഗവതി ക്ഷേത്രാവശിഷ്ടം, കുന്നുംകൈ കിഴക്കേക്കര മഖാം, പെരുമ്പട്ട മഖാം, മുസ്ളീംപള്ളി രേഖകള്‍, ആക്കച്ചേരി വനത്തിലെ വീടുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ പഞ്ചായത്തിന്റെ സാംസ്ക്കാരിക തനിമയുടെ തെളിവുകളാണ്. തെക്കേ കോവിലകം (എളേരി) കിണാവൂര്‍ കോവിലകം (മൌവ്വേനി), ഉദിന്നൂര് ദേവസ്വം, ഏച്ചിക്കാനം, കോണത്ത് വീട്, മാക്കരംകോട്ട് കുണ്ടലായര്‍, കോട്ടയില്‍ വീട്, ഉടുംമ്പുന്തല ഹാജിയാര്, വേലിക്കോത്ത് കുടുംബം, കാക്കടവത്ത് പള്ളിക്കാല്‍ കുടുംബം തുടങ്ങിയ ജന്മികുടുംബങ്ങളാണ് ആദ്യകാലത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ അടക്കിവാണിരുന്നത്. പാവപ്പെട്ട കൃഷിക്കാര്‍ ഇവരുടെ കുടിയാന്മാരായിരുന്നു. പരമ്പരാഗതമായി കാര്‍ഷികവൃത്തിയും ജാതീയമായ കുലത്തൊഴിലുകളും ഇവിടെയുണ്ടായിരുന്നു. മേടം ഒന്നിന് (വിഷു) പോത് കൊള്ളലും തുലാം പത്തിന്റെ പത്താതയും ഇതിന്റെ ഭാഗമായിരുന്നു. പഞ്ചായത്തിലെ പ്രധാന ആദിവാസി സമൂഹങ്ങള്‍ മാവിലന്, കുടിവേട്ടുവന്, പെരിങ്ങാരവേട്ടുവന് എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ആദ്യകാലത്ത് ഇവര്‍ക്ക് മാറ് മറയ്ക്കാനോ, നിവര്‍ന്ന് നടക്കാനോ അവകാശമില്ലായിരുന്നു. സ്ത്രീകള്‍ നിര്‍ബന്ധമായും കല്ലമാല ധരിക്കണം. ഭാര്യഭര്ത്താക്കന്മാരായ ഒരു ജോഡി താഴ്ന്നജാതിക്കാരെ 12 പറ നെല്ല് വാര്‍ഷിക പാട്ടം നിശ്ചയിച്ച് ജന്മിമാര് എല്ലാവര്‍ഷവും ധനുമാസം 10-ന് കര്‍ഷകര്‍ക്ക് പണയപ്പെടുത്തിയിരുന്നു. ജന്മിക്ക് നെല്ല് ഇടത്തരം കൃഷിക്കാരന് ഒരു ജോഡി അടിമകളും നവദമ്പതികളായ പട്ടികജാതിക്കാര്‍ ജന്മിയുടെ വീട്ടിലെത്തി ആചാരക്കളി നടത്തണം. 12 പറ നെല്ല് ജന്മി ആണിന് കൊടുക്കും. അത് വാങ്ങുന്നതോടെ പെണ്ണും ജന്മിയുടെ അടിമയായി. കൂടാതെ മുണ്ടും പുടവയും കൊടുക്കും. ജനനമരണങ്ങള്‍ ജന്മിയെ അറിയിക്കണം. കുഞ്ഞിന് പേര് വിളിക്കാനുള്ള അവകാശം പോലും ജന്മിക്കാണ്. പുനകൃഷി ചെയ്തുവന്ന കര്‍ഷകര്‍ മറ്റൊരു ജീവിത ഉപാധിയായി കണ്ടത് നായാട്ട് ആയിരുന്നു. എളേരിത്തട്ട് കൂലോം കേന്ദ്രമാക്കിയാണ് നീലേശ്വരം തെക്കേ കോവിലകത്തിന്റെ വകയായുള്ള എളയടത്ത് ചേരിക്കല്ല് ഭരണം നടത്തിയിരുന്നത്. ഈ പഞ്ചായത്ത് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ ഹിന്ദു-മുസ്ളീം സൌഹൃദത്തിന്റെ ചരിത്ര ഭൂമിയായിരുന്നു. കോളിയാട് ചാമുണ്ഡേശ്വരിക്ഷേത്രത്തില്‍ നിന്നാണ് കുന്നുംകൈ കിഴക്കേക്കര പള്ളി (മഖാം) ഉറൂസിനുവേണ്ട ആദ്യപണം കൊടുക്കുന്നത്. ഉറൂസുമായി ബന്ധപ്പെട്ട നായാട്ടില്‍ ഇരുവിഭാഗങ്ങളും പങ്കെടുത്തിരുന്നു. പെരുമ്പട്ട മഖാം ഉറൂസിനും തായത്തിടം ക്ഷേത്രത്തിലെ ഉത്സവത്തിനും ആചാരപരമായ ബന്ധം ഇന്നും നിലനില്ക്കുന്നു. പഞ്ചായത്തിലേക്ക് കാര്യങ്കോട് പുഴയിലൂടെ ചീനയില്‍ നിന്നാണ് ജനങ്ങള്‍ എത്തിചേര്‍ന്നത് എന്ന് പറയപ്പെടുന്നു. പരുമ്പട്ട, മുക്കട, കുന്നുംകൈ എന്നിവിടങ്ങളിലാണ് ആദ്യകാല വ്യാപാരകേന്ദ്രങ്ങള്‍. മലഞ്ചെരിവുകളിലെ കാട് തെളിച്ച് പുനം കൃഷി ചെയ്ത് ജീവിക്കുന്ന കുടിയാന്മാരായിരുന്നു ഭൂരിഭാഗം കൃഷിക്കാരും. നാണ്യ വിളയായി വന്‍ കുരുമുളക് തോട്ടങ്ങള്‍ ഉണ്ടായിരുന്നു. 1940-കളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും പഞ്ചായത്തിലേക്ക് കുടിയേറ്റം തുടങ്ങി. കപ്പയും (മരച്ചീനി) റബ്ബറും, കുരുമുളകും തെങ്ങും പോലെ പ്രധാന വിളകളായി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ എളേരി വില്ലേജില്‍ 425.84 ഹെക്ടര്‍ റിസര്‍വ് വനവും, ഭീമനടി വില്ലേജില്‍ 663.95 ഹെക്ടര്‍ റിസര്‍വ് വനവും ഭീമനടി വില്ലേജില്‍ 54 ഏക്കര്‍ 77 സെന്റ് റവന്യൂ വനവും (കമ്മാടം കാവ്) ഉണ്ടെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എളേരി വില്ലേജില്‍ ഉള്ള നിക്ഷിപ്ത വനം വളഞ്ഞങ്ങാനം (കോട്ടമല) ഫോറസ്റ്റ് എന്നും, ഭീമനടി വില്ലേജിലേത് ആക്കച്ചേരി റിസര്‍വ് വനം എന്നും അറിയപ്പെടുന്നു. ഭീമനടി വില്ലേജിലെ റവന്യൂ വനം കമ്മാടം കാവ് എന്നും അറിയപ്പെടുന്നു. വനത്തില്‍ വിലപിടിപ്പുളള മരങ്ങളും മുള, ചൂരല്‍, ഓട എന്നിവയും അത്യപൂര്‍വ്വമായ ഇനം പച്ചമരുന്നുകളും ധാരാളം കാണാം.